ക്രൈം
വയനാട്ടിൽ യുവാവിനെ പിതാവ് തലക്കടിച്ച് കൊലപ്പെടുത്തി
വയനാട്ടില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസാണ് മരിച്ചത്. 22 വയസ്സായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ പ്രദേശവാസികളാണ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പിതാവ് ശിവദാസനെ പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി.
അമല്‍ദാസിന്റെ അമ്മയും സഹോദരിയും വേറെ വീട്ടിലാണ് താമസം. രാവിലെ അമല്‍ദാസിനെ ഫോണില്‍ വിളിച്ച സഹോദരി സംശയാസ്പദമായ ശബ്ദങ്ങള്‍ കേട്ടതായി പറയുന്നു. അല്‍പ്പനേരം കഴിഞ്ഞ് വിളിച്ചപ്പോള്‍ അമല്‍ദാസ് ഫോണ്‍ എടുത്തില്ലെന്നും പറയുന്നു. സഹോദരി ഫോണില്‍ വിളിച്ച് അറിയിച്ചതനുസരിച്ച് സമീപവാസികളില്‍ ചിലര്‍ ചെന്നു നോക്കിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. വാര്‍ഡ് അംഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.