സാമ്പത്തികം
വായ്പയെടുത്തവർക്ക് ആശ്വാസം; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയപ്രഖ്യാപനം. തുടര്‍ച്ചയായ നാലാംതവണയാണ് റിപ്പോനിരക്ക് 6.5 ശതമാനമായി തന്നെ നിലനിര്‍ത്തുന്നത്. പണപ്പെരുപ്പം രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ചാനിരക്ക് 6.6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷമൊട്ടാകെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 5.4 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പണപ്പെരുപ്പനിരക്ക് 4.6 ശതമാനമായിരുന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ പണപ്പെരുപ്പനിരക്ക് 6.4 ശതമാനമായി ഉയരുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.