ദേശീയം
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാർ: കേന്ദ്ര സർക്കാർ
ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സർക്കാർ. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന പദവി എപ്പോള്‍ പുനഃസ്ഥാപിക്കാമെന്നതിൽ സമയ പരിധി നിശ്ചയിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ഒരു കൂട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടന ബെഞ്ചില്‍ തുടരുന്ന വാദം കേള്‍ക്കലില്‍ കേന്ദ്ര സർക്കാർ നിരവധി കാര്യങ്ങൾ വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സജ്ജമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും, പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും നടത്താമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. കശ്മീരിലെ ഭൗതിക സാഹചര്യങ്ങളും തെരഞ്ഞെടുപ്പിന് അനുകൂലമാണ്. പുനഃസംഘടനക്ക് മുന്‍പുള്ളതിനേക്കാള്‍ 45 ശതമാനത്തോളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനായി. നുഴഞ്ഞു കയറ്റം 90 ശതമാനവും തടഞ്ഞു. തീവ്രവാദികളുടെ ആക്രമണവും, കല്ലേറും മുന്‍പ് തെരഞ്ഞെടുപ്പുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ പുനഃസംഘടനയിലൂടെ വെല്ലുവിളികള്‍ മറികടക്കാനായെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.
അതേസമയം കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന്‍റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. അക്കാര്യത്തില്‍ സമയക്രമം തീരുമാനിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. 2018 നവംബറില്‍ ജമ്മുകശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതിന് ശേഷം തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയുടെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പ്. അതിനാല്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ് തെരഞ്ഞെടുപ്പ്.