Uncategorized
വിജയ് മല്യയുടെ ഹർജി മൂന്ന് വർഷമായി ലിസ്റ്റ് ചെയ്തില്ല; വിശദീകരണം തേടി സുപ്രിംകോടതി
വിവാദ വ്യവസായി വിജയ് മല്യയുടെ ഹർജി മൂന്ന് വർഷമായി ലിസ്റ്റ് ചെയ്യാത്തതിൽ റജിസ്ട്രറിയിൽ നിന്ന് വിശദീകരണം തേടി സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം റജിസ്ട്രറി മറുപടി നൽകണമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിജയ് മല്യയെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജയ് മല്യ ഹാജരാകണമെന്ന് 2017 മെയ് ഒൻപതിന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് മൂന്ന് വർഷമായി ഒരുതവണ പോലും കോടതിക്ക് മുന്നിലെത്താത്തത്. തന്റെ ഹർജി സുപ്രിംകോടതിയുടെ പരിഗണനയിൽ ആയതിനാൽ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുന്നത് അടക്കം ആവശ്യങ്ങൾ പരിഗണിക്കരുതെന്ന് വിജയ് മല്യ ലണ്ടൻ കോടതിയിൽ ആവശ്യപ്പെട്ടു.
ഇതിനിടെയാണ്, വിവാദ വ്യവസായിയുടെ പുനഃപരിശോധന ഹർജി എന്തുകൊണ്ടാണ് മൂന്ന് വർഷമായി ലിസ്റ്റ് ചെയ്യാത്തതെന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് റജിസ്ട്രറിക്ക് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റജിസ്ട്രറി മറുപടി നൽകണം. ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വിവരം കൈമാറണമെന്നും ഉത്തരവിട്ടു.