കേരളം
റോഡപകടങ്ങള്‍ കുറയുന്നു; എ.ഐ. ക്യാമറ സംവിധാനം പഠിക്കാന്‍ തമിഴ്‌നാട് സംഘം കേരളത്തില്‍
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എ.ഐ. ക്യാമറ സംവിധാനം പഠിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘമെത്തി. തമിഴ്നാട് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.എ. മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ആന്റണി രാജുവുമായും അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറുമായും ആശയവിനിമയം നടത്തി.
ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനം തമിഴ്നാട്ടിലും സജ്ജീകരിക്കുന്നതിനെക്കുറിച്ചാണ് സംഘം പഠിക്കുന്നത്. കണ്‍ട്രോള്‍ റൂം, പിഴചുമത്തുന്ന സംവിധാനം എന്നിവയെല്ലാം സംഘാംഗങ്ങള്‍ മനസ്സിലാക്കി. ക്യാമറാ സംവിധാനം ഒരുക്കിയ മണ്‍വിളയിലെ കെല്‍ട്രോണ്‍ യൂണിറ്റും സംഘം സന്ദര്‍ശിച്ചു. ദേശീയപാതയില്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. കഴിഞ്ഞ വര്‍ഷം 16,869 അപകടങ്ങളില്‍ 5263 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി കേരളത്തിലെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ക്യാമറയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ജൂണ്‍ അഞ്ചാം തീയതി മുതലാണ് ഇതില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. പിഴ ഈടാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമലംഘനങ്ങളില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. വീഡിയോ സ്‌കാനിങ് സോഫ്റ്റ്വെയര്‍ ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങള്‍ തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണിന്റെ ഡാറ്റാ സെന്റര്‍ ബാങ്കിലാണ് ശേഖരിക്കുന്നത്.
അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഹെല്‍മെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ.