Uncategorized
ലോക്ക് ഡൗണിന് ശേഷം പ്രധാനമന്ത്രിയുടെ പൊതുപരിപാടികൾക്ക് ഇന്ന് തുടക്കം
ലോക്ക് ഡൗണിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പൊതുപരിപാടികൾക്ക് ഇന്ന് തുടക്കം. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പൊതുപരിപാടികളിൽ എത്തുന്നത്.
അതിഥി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ബീഹാറിലെ ഖഗാരിയ ജില്ലയിലുള്ള ബെൽദൗർ ബ്ലോക്കിലെ തെലിഹാർ ഗ്രാമത്തിൽ ആണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. സൈന്യം ഏതു നീക്കത്തിനും തയാറാണ്. ഒന്നിച്ച് ഏതു മേഖലയിലേക്കും നീങ്ങാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്. ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാൻ സേന സജ്ജമായിക്കഴിഞ്ഞു. ഈ ശേഷിയുള്ള സേനയെ നേരിടാൻ എതിരാളികൾ മടിക്കും. ചൈനീസ് അതിർത്തിയിൽ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യൻ സേന വലിയ ശ്രദ്ധ കാട്ടുന്നു. സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.