കേരളം
തിരുവനന്തപുരത്ത് അർധരാത്രി വീട്ടിൽ ഒളിച്ചുകടന്നു; മുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ചു
വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. വിളപ്പിൽശാല – വിട്ടിയംപാടുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് കല്ലിയൂർ കല്ലുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീക്കാന്ത് എന്ന് വിളിക്കുന്ന അരുൺ (38) നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15 ന് വെളുപ്പിന് 1.00 മണിയോടെയാണ് മോഷണം നടന്നത്. വിട്ടിയംപാട് ഹരിശ്രീയിൽ ഷിജുകുമാറിന്റെ വീടിന്‍റെ മുന്നിലുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന ഹീറോ ഹോണ്ട സ്പ്ലണ്ടർ പ്ളസ് മോട്ടോർ സൈക്കിളാണ് മോഷണം പോയത്.
സംഭവത്തിൽ കേസേടുത്ത് അന്വേഷണം നടത്തി വന്നിരുന്ന വിളപ്പിൽശാല പൊലീസ് മുൻ കളവ് കേസുകളിലെ പ്രതികളായവരെപ്പറ്റി നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. അരുണിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുണിനെ മോഷ്ടിച്ച ബൈക്ക് സഹിതമാണ് പിടികൂടിയത്. ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
സമാനരീതിയിൽ ഇയാൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കാട്ടാക്കട ഡി വൈ എസ് പി ഷിബുവിന്‍റെ മേൽനോട്ടത്തിൽ വിളപ്പിൽശാല ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ സുരേഷ് സുരേഷ് കുമാർ, എസ് ഐ ആശിഷ് ബൈജു, സി പി ഒ മാരായ പ്രദീപ്, ജയശങ്കർ, അജിത്ത്, രാജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.