കേരളം
എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല; തിരിച്ചടിയല്ലെന്ന് ആന്റണി രാജു
എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല. പദ്ധതിയിൽ ക്രമക്കേടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷം പരാജയപ്പെട്ടു.
ഇടപാടുകളിൽ പരിശോധന നടക്കുന്നതിൽ എതിർപ്പില്ല. ഹർജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹർജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമഗ്രമായ പരിശോധനകൾ നടത്തി കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് പണം നൽകൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവർത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നൽകുന്നതിനാണ് കരാറിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.