കേരളം
വീണ്ടും തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റു
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരും പത്തനംതിട്ടയിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്.
പെരുവള്ളൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ചൊവ്വ വൈകിട്ടും ഇന്നലെ രാവിലെയുമായി തെരുവുനായയുടെ പരാക്രമത്തിൽ 10 പേർക്ക് പരുക്ക്. പാലപ്പെട്ടിപ്പാറ (ഇരുമ്പൻകുടുക്ക്), കൂമണ്ണ, സൂപ്പർ ബസാർ, വലിയപറമ്പ് ഗ്രാമങ്ങളിലാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കി നായ പരാക്രമം നടത്തിയത്. ചൊവ്വ വൈകിട്ട് 7ന് 3 പേർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 6 പേർക്കും പരുക്കേറ്റു. ഒരാൾക്ക് നായ പാഞ്ഞടുക്കവേ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേൽക്കുകയായിരുന്നു. 9 പേർക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. വീണ് പരുക്കേറ്റയാൾക്ക് ചികിത്സ നൽകി. 2 കുട്ടികളും സ്ത്രീകളും പരുക്കേറ്റവരിൽ പെടുന്നു. ഒരേ നായയാണ് അക്രമാസക്തനായി ആളുകൾക്ക് നേരെ പാഞ്ഞടുത്ത് പരാക്രമം നടത്തിയതെന്നാണ് സൂചന