രാജ്യാന്തരം
കാൻ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം; ഇന്ത്യയിൽ നിന്ന് മൂന്ന് ചിത്രങ്ങൾ
76-ാമത് കാൻ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. ലോകമെമ്പാടുമുള്ള സിനിമ പ്രവർത്തകരും പ്രശസ്ത നിരൂപകരും ഇന്ന് മുതൽ മെയ് 27 വരെ ഫ്രെഞ്ച് റിവിയേരയുടെ തീരനഗരമായ കാനിൽ സന്നിഹിതരാകും. ഇന്ത്യയിൽ നിന്ന് ഈ വർഷത്തെ മേളയിൽ അനുഷ്‌ക ശർമ്മ, മാനുഷി ചില്ലർ, അനുരാഗ് കശ്യപ്, വിജയ് വർമ്മ തുടങ്ങിയവർ പങ്കെടുക്കും.
നീണ്ട ഒമ്പത് ദിവസത്തെ സിനിമ മാമാങ്കത്തിലേക്ക് മാധ്യമപ്രവർത്തകർക്കും സിനിമാ നിരൂപകർക്കുമുള്ള ടിക്കറ്റ് നിരക്ക് 5 ലക്ഷം മുതൽ 20 ലക്ഷം വരെയാണ്. ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകളാണ് ഇത്തവണത്തെ കാനിൽ പ്രദർശിപ്പിക്കുക. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് സണ്ണി ലിയോൺ നായികയായെത്തുന്ന ചിത്രം ‘കെന്നഡി’യാണ് പ്രദർശനത്തിനെത്തുന്ന ഒരു ചിത്രം. മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക.
കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ്. 2013-ൽ കാനിൽ പ്രദർശിപ്പിച്ച അനുരാഗ് കശ്യപ് ചിത്രം ‘അഗ്ലി’യായിരുന്നു.
‘ആഷിഖി’ സിനിമ സംവിധായകൻ രാഹുൽ റോയ് സംവിധാനം ചെയ്യുന്ന ‘ആഗ്ര’, മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മയുടെ ‘ഇഷാനോ’ എന്നിവയാണ് മറ്റ് കാൻ ചിത്രങ്ങൾ. 1999-ൽ പുറത്തിറങ്ങി ഇഷാനോ നിരവധി പുരസ്കാരത്തിനർഹമായിട്ടുണ്ട്. മെയ് 19-ന് കാൻ ക്ലാസിക് വിഭാഗത്തിൽ റെഡ്-കാർപെറ്റ് വേൾഡ് പ്രീമിയറിനായാണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുത്തിരിക്കുന്നത്.