കേരളം
കൊച്ചിയില്‍ രാസവാതക ചോര്‍ച്ച; നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്
കൊച്ചിയില്‍ രാസവാതക ചോര്‍ച്ചയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ വാതകമാണ് ചോര്‍ന്നത്. ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ആണ് രാസവാതകം ചോര്‍ന്നത്. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ പാചക വാതകത്തിന് സമാനമായ രൂക്ഷഗന്ധം ആണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രിയോടെയാണ് ചോര്‍ച്ചയുണ്ടായത്.
പാചകവാതകത്തിനു ഗന്ധം നല്‍കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ എന്ന രാസവാതകം ആണ് ചോര്‍ന്നത്. എന്നാല്‍ രൂക്ഷഗന്ധം ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് അപകട സാധ്യതയൊന്നും ഇല്ല എന്നാണ് അദാനി കമ്പനി അധികൃതര്‍ അറിയിക്കുന്നത്. ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ് എന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് രൂക്ഷഗന്ധം വ്യാപിക്കാന്‍ തുടങ്ങിയത്.
കങ്ങരപ്പടിയില്‍ അദാനി ഗ്യാസ് പ്ലാന്റില്‍ ആണ് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ബ്രഹ്‌മപുരം തീപിടുത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക്കും മറ്റും കത്തിയതിന്റെ പുക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് രാസവാതകവും അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കുന്നത് എന്നതാണ് ആശങ്കയുളവാക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതര്‍ പറയുന്നത്.