കേരളം
വളപട്ടണം പോലീസ് സ്റ്റേഷന് പരിസരത്ത് തീപിടിത്തം; 3 വാഹനങ്ങള്‍ കത്തിനശിച്ചു
കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം. സംഭവത്തിൽ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പോലീസ് സ്റ്റേഷനുള്ളിൽ നിർത്തിയിട്ടിരുന്ന, വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു കാർ, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതിൽ ഒരു വാഹനം പൂർണമായും മറ്റ് രണ്ട് വാഹനങ്ങൾ ഭാഗികമായും കത്തി നശിച്ചു.
വാഹനങ്ങൾക്ക് ആരോ തീകൊളുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്നായിരുന്നു ഇയാൾ ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.
ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേർന്ന് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തിനശിച്ച വാഹനങ്ങളിൽ ഒരെണ്ണം ചാണ്ടി ഷമീമിന്റേതാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു.