കേരളം
വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കി
വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളിയ സാഹചര്യത്തിലാണ് അസാധാരണ നടപടി.
സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 പേരെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാല വി സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇന്ന് തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ സര്‍വകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല രാജ്ഭവനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസത്തിന് പിന്നാലെ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. ഇത് ലഭിച്ചതോടെയാണ് അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കല്‍’ നടപടിയിലേക്ക് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത്.