കേരളം
മുടി നീട്ടിവളര്‍ത്തിയതിന് മര്‍ദ്ദനം; കണ്ണൂരില്‍ 6 പ്ലസ് ടുവിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന പിടിഎ എക്‌സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും.
ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമത്തില്‍ ഒന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേള്‍വി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
മുടി നീട്ടി വളര്‍ത്തിയതിനും ബട്ടന്‍സ് മുഴുവന്‍ ഇട്ടതിനുമായിരുന്നു മര്‍ദ്ദനമെന്നാണ് വിവരം. മര്‍ദ്ദിക്കുന്നത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കള്‍ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.