Uncategorized
കോവിഡ് വാക്‌സിന്‍: സ്പുട്‌നിക്-5 ന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി
റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്- 5 ന്റെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അനുമതി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് പരീക്ഷണത്തിന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി (ആര്‍.ഡി.ഐ.എഫ്) നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും അനുമതി നല്‍കിയത്.
നേരത്തെ, ഇന്ത്യയില്‍ സ്പുട്‌നിക്- 5 ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡി.സി.ജി.ഐ അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയില്‍, വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങള്‍ വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.
പുതിയ കരാര്‍ പ്രകാരം, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പരീക്ഷണമാണ് ഇന്ത്യയില്‍ നടത്തുകയെന്നും 1,500 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും ആര്‍.ഡി.ഐ.എഫ് വ്യക്തമാക്കി. രണ്ടാംഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുക. ആര്‍.ഡി.ഐ.എഫാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കരാര്‍ പ്രകാരം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്ന് വിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും.
10 കോടി ഡോസുകളാണ് ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് ആര്‍.ഡി.ഐ.എഫ് കൈമാറുക. സ്പുട്‌നിക്-5 ന്റെ മൂന്നാംഘട്ട പരീക്ഷണം ബെലാറസ്, വെനസ്വേല, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടത്തുന്നുണ്ട്. 40,000 പേര്‍ പങ്കെടുക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മോസ്‌കോയില്‍ ആരംഭിച്ചു കഴിഞ്ഞു. 16,000 പേര്‍ ഇതിനോടകം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചും കഴിഞ്ഞു.
നവംബര്‍ ആദ്യത്തോടെ ഇടക്കാല ഫലം പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഗമേലിയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിഡെമോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിന്‍ ഓഗസ്റ്റ് 11നാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച ആദ്യ രാജ്യമായി റഷ്യ മാറി.
സ്പുട്‌നിക്-5 വാക്‌സിന്റെ പരീക്ഷണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. സ്പുട്‌നിക്-5 വാക്‌സിനു പിന്നാലെ എപിവാക് കൊറോണ എന്ന പേരില്‍ രണ്ടാമത്തെ കോവിഡ് വാക്‌സിനും റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്നാമത്തെ വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് റഷ്യ അനുമതിയും നല്‍കിയിട്ടുണ്ട്.