ദേശീയം
സ്ത്രീകള്‍ക്കു വിവാഹം പ്രധാനം; ഇന്ത്യന്‍ സമൂഹ്യ സ്ഥിതി അതാണെന്ന് സുപ്രീം കോടതി
ഇന്ത്യയിലെ സാമൂഹ്യ സ്ഥിതിയില്‍ സ്ത്രീകള്‍ക്കു വിവാഹം പ്രധാനം തന്നെയാണെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ യുയു ലളിതിന്റെയും രവീന്ദ്ര ഭട്ടിന്റെയും നിരീക്ഷണം.
വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തു ഭാര്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. യുവതി ഭര്‍ത്താവിനോടു ക്രൂരമായി പെരുമാറിയെന്നു കരുതാനാവില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമല്ല വീടു വിട്ടു പോയതെന്നും ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നിട്ടും ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതു ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നു ഭാര്യ വാദിച്ചു.
പതിനെട്ടു വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ദമ്പതികള്‍ക്ക് ഇനി ഒരുമിച്ചു മുന്നോട്ടുപോവാനാവുമെന്നു കരുതുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വാദത്തിനിടെ നിരീക്ഷിച്ചു. എന്നാല്‍ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീയെ സംബന്ധിച്ച് വിവാഹം പ്രധാനമാണ്. അങ്ങനെയാണ് സമൂഹം അവളെ വീക്ഷിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭാര്യയുമായി പിരിഞ്ഞ ഭര്‍ത്താവ് ഇപ്പോള്‍ സന്യസ്ത ജീവിതമാണ് നയിക്കുന്നതെന്ന് അഭിഭാഷകന്‍ അറിയിച്ചു. നിങ്ങള്‍ എല്ലാം ത്യജിച്ചിരിക്കുകയാണോയെന്ന് ആരാഞ്ഞ കോടതി, വിവാഹ മോചനം അനുവദിച്ച വിധി റദ്ദാക്കുകയാണെന്നും ഭര്‍ത്താവിന്റെ ജീവിതത്തില്‍ അതു മാറ്റമൊന്നും ഉണ്ടാക്കില്ലെന്നും അറിയിച്ചു.