കേരളം
കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന്; രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തില്‍
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ദില്ലിയില്‍ നടക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം. അതേസമയം, പാര്‍ട്ടി യോഗം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്. ഞായറാഴ്ചയേ രാഹുല്‍ തിരിച്ചെത്തൂ.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി രാജിവച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി ദേശീയ അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുകയാണ് ചെയ്തത്. രാഹുല്‍ അധ്യക്ഷനാകണമെന്ന് പല കോണില്‍ നിന്നും ആവശ്യം ശക്തമാണ്. എന്നാല്‍ അദ്ദേഹം പദവി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതിനിടെ ഒട്ടേറെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് നേതൃയോഗം നിര്‍ണായകമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ഒക്ടോബര്‍ രണ്ടിന് കോണ്‍ഗ്രസ് ആരംഭിക്കുന്ന ദേശീയ ഐക്യ യാത്ര എന്നിവ സംബന്ധിച്ച ആസൂത്രണമാണ് യോഗത്തിന്റെ അജണ്ട. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ യോഗം നടക്കുന്നത്, അദ്ദേഹം ദേശീയ അധ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കില്ലെന്ന സൂചന നല്‍കും.