ദേശീയം
ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടം ഈ വര്‍ഷം; വ്യോം മിത്ര റോബോട്ട് ബഹിരാകാശത്തേക്ക്
ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാനിന്റെ പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി റോബോട്ടിനെ ഈ ബഹിരാകാശത്തേക്ക് അയക്കും. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായാണ് റോബോട്ടിനെ ഐഎസ്ആര്‍ഒ ഈ വര്‍ഷം അവസാനത്തോടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. വ്യോം മിത്ര എന്ന പേരില്‍ ഐഎസ്ആര്‍ഒ തയ്യാറാക്കിയ വനിതാ റോബോട്ടിനെയാണ് പരീക്ഷണ ഘട്ടത്തില്‍ അയക്കുക. ഗഗന്‍യാനിന്റെ 2 പരീക്ഷണ വിക്ഷേപങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ നടക്കും.
ആദ്യത്തേത് ശൂന്യ പേടകമായിരിക്കും. രണ്ടാമത്തേതിലാണ് വ്യോം മിത്ര റോബോട്ടിനെ അയക്കുക എന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെയാണ് മനുഷ്യനുമായി ഗഗന്‍യാന്‍ പേടകം ബഹിരാകാശത്തേക്ക് അയക്കാന്‍ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. എത്രപേരെ അയക്കണം എന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഒന്നോ രണ്ടോ ബഹിരാകാശ സഞ്ചാരികളെയാവും അയക്കുക എന്നാണ് ജിതേന്ദ്ര സിങ് പ്രതികരിച്ചത്.
ഐഎസ്ആര്‍ഒയുടെ ഹ്യുമനോയ്ഡ് റോബോട്ട് ആണ് വ്യോം മിത്ര. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഇതിന് സംസാരിക്കാനാവും. സ്വിച്ച് പാനലുകള്‍ കൈകാര്യം ചെയ്യാനും വായു സമ്മര്‍ദ മാറ്റ മുന്നറിയിപ്പുകള്‍ നല്‍കാനും വ്യോം മിത്രയ്ക്ക് സാധിക്കും. മനുഷ്യരെ തിരിച്ചറിയുകയും ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയും ചെയ്യും. മനുഷ്യനെ ബഹിഹാരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഇന്ത്യക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.