കേരളം
പത്തനംതിട്ടയിൽ ജില്ലാതല സ്‌കൂബാ ഡൈവിംഗ് ടീം രൂപീകരിക്കുന്നതിന് കളക്ടർ ഉത്തരവിട്ടു
വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി ജില്ലാതല സ്‌കൂബാ ഡൈവിംഗ് ടീം രൂപീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. താത്പര്യമുള്ള വൊളന്റിയര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ ജില്ലാ ഐടി മിഷന്‍/ എന്‍ഐസി രൂപീകരിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വൊളന്റിയര്‍മാരുടെ സ്വഭാവവും പൂര്‍വകാല ചരിത്രവും പരിശോധിച്ചശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കരട് പട്ടിക പ്രസിദ്ധീകരിക്കും.
കരട് പട്ടികയില്‍ നിന്നും താലൂക്ക് തലത്തില്‍ ആറു വൊളന്റിയര്‍മാരെ വീതം തെരഞ്ഞെടുക്കേണ്ട ചുമതല ജില്ലാ ഫയര്‍ ഓഫീസര്‍ക്കാണ്. വൊളന്റിയര്‍മാരുടെ പ്രായം 18 നും 35 നും മധ്യേ ആയിരിക്കും. നിര്‍ദിഷ്ട ശാരീരികക്ഷമത ഉറപ്പുവരുത്തും. വൊളന്റിയറാകുന്നവര്‍ സമ്മതപത്രം കൈപ്പടയില്‍ എഴുതി നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയറുടെ സേവനം സന്നദ്ധസേവന അടിസ്ഥാനത്തിലായിരിക്കും. ഇവര്‍ക്ക് യാതൊരുവിധ പ്രതിഫലവും ഉണ്ടായിരിക്കില്ല. തെരഞ്ഞെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
ജില്ലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മുങ്ങിമരണങ്ങളും ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളും തടയുന്നതിന് വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി മികച്ച പരിശീലനം നല്‍കി ജില്ലാതല സ്‌കൂബാ ഡൈവിംഗ് ടീം രൂപീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.