കേരളം
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ആക്രമണം; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ; വിവിധ ജില്ലകളിൽ സംഘർഷാവസ്ഥ
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം. വയനാട്, പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ന്യൂഡൽഹിയിലും പ്രതിഷേധം അരങ്ങേറി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. എകെജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തുന്നത്. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്.
തൃശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. വയനാട്ടിൽ കോൺഗ്രസ് മാർച്ച് അക്രമാസക്തമായി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന്റെ പക്കൽ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ടി സിദ്ദിഖ് എംഎൽഎ അടക്കമുള്ള നേതാക്കൾ പ്രതിഷേധ നിരയിലുണ്ട്.
ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ ആക്രമണം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറുകയും ഫർണിച്ചറുകൾ അടക്കം പ്രതിഷേധക്കാർ അടിച്ചു തകർക്കുകയും ചെയ്തു. എന്നാൽ എസ്എഫ്ഐ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഭവത്തെ സിപിഎം സെക്രട്ടേറിയറ്റും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തള്ളിപ്പറഞ്ഞു.