കേരളം
മികച്ച സ്റ്റേഷനുള്ള പുരസ്കാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് സമ്മാനിച്ചു
കഴിഞ്ഞവര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ഡി.ജി.പി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.ബാബുരാജ്, കഴിഞ്ഞവര്‍ഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആയിരുന്ന ജയേഷ് ബാലന്‍, എം.സുജിത്ത് എന്നിവര്‍ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുളള നല്ല പെരുമാറ്റം, ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയാനുളള നടപടികള്‍ എന്നിവയിലെ മികവും മറ്റ് ജനക്ഷേമപ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പുരസ്ക്കാരത്തിന് അര്‍ഹമായത്.
2021 ല്‍ രജിസ്റ്റര്‍ ചെയ്ത 828 കേസുകളില്‍ ഭൂരിഭാഗത്തിലും അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കായി. അതീവ പ്രാധാന്യമുളള കൊലപാതകക്കേസുകള്‍, പോക്സോ കേസുകള്‍ എന്നിവയിലുള്‍പ്പെടെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും നേട്ടമായി. ഒറ്റപ്പാലം മുനിസിപ്പാലിറ്റി, ലക്കിടിപേരൂര്‍, അമ്പലപ്പാറ, വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്റ്റേഷന്‍ പരിധിയിലെ മികച്ച ക്രമസമാധാനപാലനം, പൊതുജനസേവനം എന്നിവയും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.
പൊലീസ് സ്റ്റേഷന്‍റെയും പരിസരത്തിന്‍റെയും ശുചിത്വം, അടിസ്ഥാനസൗകര്യങ്ങള്‍, സ്റ്റേഷന്‍ റിക്കോഡുകളുടെ പരിപാലനം എന്നീ മാനദണ്ഡങ്ങളിലും ഒറ്റപ്പാലം സ്റ്റേഷന്‍ മികച്ച നിലവാരം പുലര്‍ത്തി. സ്ത്രീസൗഹൃദ, ശിശുസൗഹൃദ സ്റ്റേഷനായ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ അഞ്ച് വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെ 53 പേര്‍ ജോലിനോക്കുന്നു. നിലവിലെ എസ്.എച്ച്.ഒ വി.ബാബുരാജിന് പുറമെ ട്രെയിനിങ്ങിനായി എത്തിയ എ.എസ്.പി ടി.കെ വിഷ്ണുപ്രദീപ്, ഇന്‍സ്പെക്ടര്‍മാരായ എം.സുജിത്ത്, ജയേഷ് ബാലന്‍ എന്നിവരാണ് 2021 ല്‍ സ്റ്റേഷന്‍ചുമതല വഹിച്ചിരുന്നവര്‍.