കേരളം
ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം; പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്
ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്. സൈബര്‍ ഡോമിലെ വിദഗ്ദരാണ് ‘Grapnel’ എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. 6 മാസത്തെ പരിശ്രമത്തിനൊടുവിലാണ് സോഫ്റ്റ് വെയർ തയ്യാറായിരിക്കുന്നത് എന്നത് സൈബര്‍ ഡോമിനു വലിയ നേട്ടമായി. ഡാര്‍ക്ക് വെബ് വഴി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ വില്‍ക്കുന്നതു കണ്ടെത്തി നടപടിയെടുക്കുന്നതില്‍ സൈബര്‍ ഡോം വളരെയേറെ മുന്നേറിയിരുന്നു. ഈ സോഫ്റ്റ് വെയർ ഇസ്രയേലില്‍ നിന്ന് വാങ്ങാന്‍ ആലോചിച്ചെങ്കിലും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്.
രാജ്യാന്തര മാഫിയകള്‍ ലഹരി കടത്തിന്റെ പുതിയ മാര്‍ഗമായി ഡാര്‍ക്ക് വെബ്സൈറ്റുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നു. പക്ഷേ, കേരളത്തില്‍ ഈയിടെയാണ് ഇതിനുള്ള തെളിവുകള്‍ ലഭിക്കുന്നത്. ഈയിടെ കൊച്ചിയില്‍ പിടികൂടിയ ലഹരി മരുന്നുകള്‍ രാജ്യാന്തര വിപണിയില്‍ നിന്നു ഡാര്‍ക്ക് വെബ് വഴിയാണു വാങ്ങിയതെന്ന സൂചന ലഭിച്ചിരുന്നു. ഡാര്‍ക്ക് വെബിലെ ഇടപാടുകളുടെ പിന്നാമ്പുറം കണ്ടെത്തുക ദുഷ്കരമാണ്. സൂക്ഷ്മമായ സാങ്കേതികവിദ്യയും പരിജ്ഞാനവും കൊണ്ട് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഈ ഇടപാടുകള്‍ നടക്കുന്നത്.
പുതിയ സാഹചര്യത്തില്‍ ലഹരികടത്ത് തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നു മനസ്സിലാക്കിയാണ് ഈ സോഫ്റ്റ്വെയര്‍ സൈബര്‍ ഡോം വികസിപ്പിച്ചെടുക്കുകയും അപ്ഡേഷന്‍ നടത്തുകയും ചെയ്തത്. പ്രത്യേക ഡാര്‍ക്ക് നെറ്റ് ലാബ് തുടങ്ങുകയും വിദഗ്ധ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. . നിലവില്‍ എന്‍ഐഎ, ഐബി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നുണ്ട്.