കേരളം
പൊലീസ് നൽകുന്ന ശുപാർശകളിൽ 3 ആഴ്ചക്കകം തീരുമാനമെടുക്കണം, കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
ഗുണ്ടാനിയമത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതൽ തടുങ്കലിൽ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്ടർമാർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതല തലയോഗത്തിലായിരുന്നു തീരുമാനം.
ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകള്‍ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സെൽ കളക്ടറേറ്റുകളിൽ രൂപീകരിക്കണം. പൊലീസ് ശുപാർശകളിൽ കളക്ടർമാർ പ്രത്യേക ശ്രദ്ധ നൽകുകയും ജില്ലാ പൊലീസ് മേധാവിമാരുമായി സഹകരിച്ച് പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗുണ്ടാനിയമത്തിൽ കളക്ടർമാർക്ക് പരിശീലനം നൽകാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശം നൽകി.
ഉന്നതതല യോഗത്തിന്‍റെ തീരുാമാനങ്ങള്‍ കളക്ടമാരെ അറിയിക്കാൻ ചീഫ് സെക്രട്ടറി കളക്ടമാരുടെ യോഗം ചേരും. 140 ശുപാർശകളിൽ ഇപ്പോഴും കളക്ടർമാർ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. പല ശുപാർശകളിലും ആറ് മാസത്തിനകം തീരുമാനം എടുക്കാത്തതിനാൽ ശുപാർശകളുടെ നിയമ സാധുത നഷ്ടമാകുന്നുവെന്നും ഡിജിപി യോഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഗുണ്ടാ അക്രമങ്ങള്‍ തടാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ഗുണ്ടാനിയമം കൊണ്ടുവന്നത്. തുടർച്ചയായി കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനും, സാമൂഹിക വിരുദ്ധരെ നല്ല നടപ്പിനുവേണ്ടി ബോണ്ടു വയ്ക്കുന്നതിനുവേണ്ടിയാണ് ഗുണ്ടാനിയമം. പൊലീസ് റിപ്പോർട്ടുകളിൽ കളക്ടമാരാണ് ഉത്തരവിടേണ്ടത്. തുടർച്ചയായി മൂന്ന് കേസുകളിൽ പ്രതികളാകുന്ന ഒരാള്‍ക്കെതിരയാണ് ഗുണ്ടാനിയമം പൊലീസ് ചുമത്തുന്നത്. പക്ഷെ അവസാന കേസുണ്ടായി രണ്ടുമാസത്തിനുള്ള പൊലീസ് നൽകുന്ന റിപ്പോർട്ടിൽ കളക്ടർ കരുതൽ തടങ്കലിൽ ഉത്തരവിടണം. അല്ലെങ്കിൽ ഗുണ്ടാനിയമം പ്രകാരം രൂപീകരിച്ചുള്ള കാപ്പാ ബോർഡിന് മുന്നിൽ വാദിച്ച് ഗുണ്ടകള്‍ക്ക് ജയിലിൽ പോകാതെ രക്ഷപ്പെടാം.
ആറ് മാസമാണ് കരുതൽ തടങ്കൽ. സമൂഹത്തിന് സ്ഥിരം ശല്യക്കാരായ വ്യക്തികള്‍ വീണ്ടും കേസിൽ പ്രതികളായാൽ ജയിലിലടക്കുന്നതിന് വേണ്ടിയാണ് അവരെ കൊണ്ട് നല്ല നടപ്പ് ബോണ്ട് പതിക്കുന്നത്. ഈ ഉത്തരവ് പുറത്തിറക്കേണ്ടതും ജില്ലാ കളക്ടർമാരാണ്. പക്ഷെ പൊലീസ് നൽകുന്ന റിപ്പോർട്ടുകളിൽ കളക്ടമാർ സമയബന്ധിതമായി ഉത്തരവിറക്കുന്നില്ലെന്നാണ് പൊലീസിന്‍റെ പരാതി.