കേരളം
ചേറാട് മലയില്‍ നിന്ന് ഒരാളെ കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം
ആശങ്കയ്ക്കൊടുവിൽ മലമ്പുഴയിലെ ചേറാട് മലയിൽ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് മലയിൽ അകപ്പെട്ടത്. നാട്ടുകാരുടേയും വനപാലകരുടേയും ഒന്നിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് രാത്രി 12.30-ഓടെ ആളെ താഴെയെത്തിച്ചത്. ഞായറാഴ്ച രാത്രിയോടെ മലയുടെ മുകളിൽ നിന്ന് ഫ്ളാഷ് ലൈറ്റ് കണ്ടതിനെ തുടർന്നായിരുന്നു തിരച്ചിൽ.
ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. രാധാകൃഷ്ണൻ മാത്രമല്ല കൂടുതൽ പേർ മലമുകളിലുണ്ടെന്നായിരുന്നു നാട്ടുകാർ പറയുന്നത്. മലയുടെ മുകളിൽ നിന്ന് കൂടുതൽ ഫ്ളാഷ് ലൈറ്റുകൾ കണ്ടുവെന്നും ഇവർക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാത്രി മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും മല കയറി പരിചയമുള്ള ആരെങ്കിലുമായിരിക്കുമെന്നും ഇവര്‍ താഴെ ആളുകളുള്ളതറിഞ്ഞ് മറ്റു വഴികളിലൂടെ ഇറങ്ങിപ്പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. രാത്രി എട്ടരമുതലാണ് കൂര്‍മ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാജീവനക്കാരും വനപാലകരും പോലീസുമെല്ലാം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു.
കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ഇത് വലിയ വാർത്തയായതോടെ മല കയറാൻ കൂടുതൽ പേർ എത്തുമെന്നും അശങ്കയുണ്ട്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.