കേരളം
ലോകായുക്ത ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
വിവാദമായ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പരാതി ലഭിച്ചു കഴിഞ്ഞാല്‍ സാധാരണ നടപടിക്രമം എന്ന നിലയില്‍ ഗവര്‍ണര്‍ അത് സര്‍ക്കാരിന് അയയ്ക്കാറുണ്ട്. സര്‍ക്കാരിന്റെ മറുപടികൂടി ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഫെബ്രുവരി ഒന്നിനു മടങ്ങി എത്തിയശേഷമായിരിക്കും ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടുക.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്ന ഓര്‍ഡിനന്‍സാണിതെന്നും പ്രതിപക്ഷം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്നു പറയാന്‍ കോടതിക്കു മാത്രമേ സാധിക്കൂവെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതി വിധിക്ക് എതിരാണ്.
ബില്‍ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പുതിയ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന് എതിരാണോയെന്നു പരിശോധിക്കേണ്ടതും രാഷ്ട്രപതിയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.