ദേശീയം
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും
ഊട്ടിക്കു സമീപം കുണൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കോപ്റ്റര്‍ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്.
ലാൻഡിങ്ങിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.
വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.തകർന്നു വീണയുടൻ ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്‌മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര. അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു