കേരളം
മദ്യപനെന്ന് സംശയിച്ച് മർദനം, ലാത്തിയടി; പോലീസിനെതിരെ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
പോലീസ് അകാരണമായി മർദിച്ചെന്ന് ആരോപിച്ച് യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പണി നടന്നു വരുന്ന വീടിനു സമീപം നിന്ന കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ ഷിബുകുമാർ യു.വിയാണ് പോലീസ് അകാരണമായി മർദിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്. ഇയാളുടെ മുതുകിലും തോളിലും ഇടുപ്പിലും അടിയേറ്റ പാടുകളുണ്ട്.
കഴക്കൂട്ടത്ത് ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. പണി നടന്നുവരുന്ന വീട്ടിൽ വന്നു മടങ്ങവേ കാറിലെത്തിയ പോലീസ് സംഘം തന്നെ ലാത്തികൊണ്ട് മർദിക്കുകയായിരുന്നുവെന്ന് ഷിബു പറയുന്നു. കഴക്കൂട്ടം എസ് ഐ വിഷ്ണുവാണ് തന്നെ മർദിച്ചതെന്നാണ് ഷിബുവിന്റെ ആരോപണം. പരിക്കേറ്റ ഷിബു ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
വിഷയത്തിൽ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവർക്കാണ് ഇയാൾ പരാതി നൽകിയത്. ലോക്ക്ഡൗൺ ലംഘനമാണെങ്കിൽ പിഴ ഈടാക്കാമായിരുന്നുവെന്നും ഇയാൾ പറയുന്നു.
എന്നാൽ ഇക്കാര്യത്തിൽ പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കാറുണ്ട്.
ഇക്കാര്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലത്ത് എത്തിയത്. ഞായറാഴ്ച ഇവിടെ പരസ്യ മദ്യപാനം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് രാത്രി പത്തുമണിയോടെ ഇവിടെ എത്തി. പോലീസിനെ കണ്ട് ചിലർ ഓടിപ്പോയി. ബാക്കിയുണ്ടായ സാമൂഹ്യ വിരുദ്ധരെ അടിച്ചോടിക്കുകയായിരുന്നു തങ്ങൾ എന്നാണ് കഴക്കൂട്ടം പോലീസ് പറയുന്നത്.