കേരളം
പരീക്ഷ നടത്തിപ്പിലെ അനാസ്ഥ; എംജി സർവകലാശാല വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
പരീക്ഷ നടത്തിപ്പിലെ എം ജി സർവ്വകലാശാലയുടെ അനാസ്ഥയ്‌ക്ക് എതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പരീക്ഷ നടത്തിപ്പിൽ യുജിസി നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ ഒന്നും സർവ്വകലാശാല പാലിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. സർവ്വകലാശാലയുടെ തെറ്റായ നിലപടുകൾക്ക് എതിരെ എബിവിപിയുടെ നേതൃത്വത്തിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിലും എംജി യൂണിവേഴ്‌സിറ്റി സ്വീകരിക്കുന്ന നിരുത്തരവാദ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തിപ്പിന് യുജിസി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എംജി യൂണിവേഴ്‌സിറ്റി പാലിക്കുന്നില്ല. ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ പോലും വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കാതെ പരീക്ഷകള്‍ നടത്തുകയാണ്.
പരീക്ഷാ നടത്തിപ്പിനായി കൂടുതല്‍ സബ് സെന്ററുകള്‍ തുറക്കുന്നതിനും യൂണിവേഴ്‌സിറ്റി തയ്യാറാകുന്നില്ല.
പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സമയം ലഭിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. വിദ്യാർത്ഥികളുടെ അവസ്ഥ മനസിലാക്കാതെ ഉള്ള എം ജി സർവ്വ കലാശാലയുടെ നിലപാടിൽ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. അധികൃതർ തെറ്റായ നിലപാട് തുടർന്നാൽ എബിവിപി ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ പ്രസാദ് പറഞ്ഞു.
അടുത്ത ദിവസം സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് അടക്കം എബിവിപി സംഘടിപ്പിച്ചിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ സൂപ്പര്‍ സപ്ലി പരീക്ഷയെ കുറിച്ചുള്ള യാതൊരുവിധ അറിയിപ്പുകളും ഇതുവരെ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. നിലവില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ഈ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും എബിവിപി പറയുന്നു.