കേരളം
പഞ്ചസാരയും പയറും പിന്നെ മിഠായിപ്പാക്കറ്റും; ഇത്തവണ ഓണക്കിറ്റിലെ വിഭവങ്ങൾ ഇങ്ങനെ
ഓണക്കാലത്ത് സംസ്ഥാനമെമ്പാടും വിപുലമായ രീതിയില്‍ സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ ഇത്തവണ ഉണ്ടാകില്ല. പകരം കഴിഞ്ഞ വര്‍ഷത്തിലേതു പോലെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി സ്പെഷ്യല്‍ കിറ്റ് നല്‍കും. അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണക്കിറ്റില്‍ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്താനാണ് സപ്ലൈകോ ശുപാര്‍ശ.
കിറ്റ് ഓഗസ്റ്റ് ഒന്ന് മുതല്‍ വിതരണം ചെയ്യാനാണ് ആലോചന. കിറ്റിലെ ശുപാര്‍ശകള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യും. അതിന് ശേഷമാകും സാധനങ്ങള്‍ അന്തിമമായി തീരുമാനിക്കുക. തുണി സഞ്ചിയടക്കം ഒരു കിറ്റിലെ സാധനങ്ങളുടെ ആകെ 444.50 രൂപയാണ്. അനുബന്ധ ചെലവായ 44.50 രൂപയും ഉള്‍പ്പെടെ ഒരു കിറ്റിന്റെ വില 488.95 രൂപയാണ് കണക്കാക്കിയിട്ടിള്ളത്.
2021 മെയ് മാസത്തെ കിറ്റ് വിതരണം കണക്കില്‍ എടുക്കുമ്ബോള്‍ 85.30 ലക്ഷം കാര്‍ഡുടമകളാണ് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങിയിട്ടുള്ളത്.ഇതിന്റെ അടിസ്ഥാനത്തില്‍, 86 ലക്ഷം കാര്‍ഡുടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നതിന് കിറ്റ് ഒന്നിന് 488.95 രൂപ നിരക്കില്‍ ആകെ 420.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ എ ആര്‍ ഡി കമ്മീഷന്‍ ഒരു കിറ്റിന് 5 രൂപ നിരക്കില്‍ 86 ലക്ഷം കിറ്റുകള്‍ക്ക് 4.30 കോടി രൂപ അധിക ചെലവും കണക്കാക്കുന്നു.
സ്പെഷ്യല്‍ കിറ്റാകും വിതരണം ചെയ്യുക എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ന്യൂസ് 18നോട് പറഞ്ഞു. കിറ്റില്‍ ബിസ്കറ്റ് അടക്കം ഉള്‍പ്പെടുത്തണമെന്നും മന്ത്രിസഭ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.
ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യാക സജീകരണം ഒരുക്കും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 20 മിഠായികളടങ്ങിയ പാക്കറ്റും സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഉണ്ട്.
ഓണകിറ്റിലെ വിഭവങ്ങൾ സംബന്ധിച്ച് സപ്ലൈക്കോയുടെ ശുപാര്‍ശ ഇങ്ങനെ
1. പഞ്ചസാര
2. വെളിച്ചെണ്ണ
3. ചെറുപയര്‍/വന്‍പയര്‍
4. തേയില
5. മുളകുപൊടി/മുളക്
6. മല്ലിപ്പൊടി
7. മഞ്ഞള്‍പ്പൊടി
8. സാമ്പാര്‍പൊടി
9. സേമിയ
10. ഗോതമ്പ് നുറുക്ക്/ ആട്ട
11. ശബരി വാഷിംഗ് സോപ്പ്
12. ശബരി ബാത്ത് സോപ്പ്
13. തുണിസഞ്ചി
14. മിഠായിപ്പാക്കറ്റ്