കേരളം
കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം; നൂറോളംപേര്‍ക്ക് എതിരെ കേസ്
പുതിയ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹരണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ സുധാകരന് അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. കോവിഡ് മാനദണങ്ങള്‍ പാലിക്കാതെയായിരുന്നു നേതാക്കളുടെയും പെരുമാറ്റം. ആള്‍ക്കൂട്ടത്തിന് എതിരെ സാമൂഹ്യ മാധ്യമങ്ങൡ വിമര്‍ശനം ഉയര്‍ന്നിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിക്കാനുള്ള ആദ്യ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ആ നിലപാട് കാറ്റില്‍ പറത്തിയാണ് ഇന്ന് കെപിസിസി ആസ്ഥാനത്ത് ആളുകള്‍ തടിച്ചു കൂടിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വി സ്വാഭാവികമാണെന്നും സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാന്‍ കഴിയുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ പ്രാദേശിക തലത്തില്‍ കരുപ്പിടിപ്പിക്കാന്‍ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ പ്രവര്‍ത്തകര്‍ സന്മനസ് കാട്ടണമെന്നും സുധാകരന് പറഞ്ഞു.മുതിര്‍ന്ന നേതാക്കളുടെയും എഐസിസി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നിരവധി പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിയിരുന്നു.
രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന് തുടര്‍ന്നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ പ്രസിഡന്റിന് സേവാദള്‍ വൊളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേറ്റു.