കേരളം
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; നൂറുകണക്കിന് വീടുകളില്‍ വെളളം കയറി
അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തീരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വിവിധയിടങ്ങളില്‍ തീരദേശത്ത് നൂറുകണക്കിന് വീടുകളില്‍ വെളളം കയറി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ്, പൂന്തുറ, പൊഴിയൂര്‍ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂരിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലും നാശനഷ്ടമുണ്ടായി.
കോഴിക്കോട് കടലുണ്ടി. ചാലിയം ലൈറ്റ് ഹൗസിന് സമീപം 40 വീടുകളില്‍ വെളളം കയറി. കാപ്പാട്– കൊയിലാണ്ടി തീരദേശറോഡ് അടച്ചു. സ്ഥിതി രൂക്ഷമായ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുയാണ്. കൊച്ചി ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേന രംഗത്തെത്തി.
കാസർകോട് ജില്ലയിൽ മഴയില്ലെങ്കിലും തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. മഞ്ചേശ്വരം മൂസോടി കടപ്പുറത്താണ് രൂക്ഷമായ കടൽക്ഷോഭമുള്ളത്. കടൽ പ്രക്ഷുബ്ധമായതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതയിലാണ്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ഇടയ്ക്കിടെ ശക്തമായ കാറ്റും വീശുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.