ആരോഗ്യം
സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലേർട്ടും കൊല്ലം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാലു ക്യാമ്പുകളിലായി 87 പേരെ മാറ്റിപാർപ്പിച്ചതായി ലാന്റ് റവന്യു കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ ക്യാമ്പിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയിൽ നാലും എറണാകുളത്ത് എട്ടു പേരുമാണ് ക്യാമ്പുകളിൽ കഴിയുന്നത്.
സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാമ്പുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4,23,080 പേരെ താമസിപ്പിക്കാൻ കഴിയും. കോഴിക്കോട് കസബയിൽ തൊപ്പയിൽ ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് 25 വീടുകളിൽ വെള്ളം കയറി. ഇവിടെ കഴിഞ്ഞിരുന്നവർ ബന്ധുവീടുകളിലേക്ക് മാറിയതായാണ് വിവരം.