കേരളം
ഓക്സിജൻ ക്ഷാമവും രൂക്ഷം; കൊവിഡ് പ്രതിരോധത്തിൽ തളർന്ന് ഇടുക്കി
ഇടുക്കി ജില്ലയിൽ കൊവിഡ് വ്യാപനം ഗുരുതര പ്രതിസന്ധിയാകുന്നു. സർക്കാർ ആശുപത്രികളിലെ 99 ശതമാനം കിടക്കകളും നിറഞ്ഞു. ഓക്സിജൻ ക്ഷാമവും രൂക്ഷമാവുകയാണ്. സ്വകാര്യ ആശുപത്രികൾ സഹകരിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടു. ബൈഡ്ഡുകളുടെ എണ്ണം കുറവാണ്, ഐസിയു ബെഡ്ഡുകളും ഏതാണ്ട് പൂർണമായും നിറഞ്ഞ അവസ്ഥയിലാണ് സർക്കാർ ആശുപത്രികൾ. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കിയേ മതിയാകൂവെന്ന് ഡോക്ടർമാർ പറയുന്നു.
രണ്ട് കൊവിഡ് ആശുപത്രികളാണ് സർക്കാർ മേഖലയിൽ ഇടുക്കിയിലുള്ളത്. പൊതുവേ ആശുപത്രികളുടെ എണ്ണം കുറവായ ഇടുക്കിയിൽ സ്വകാര്യ ആശുപത്രികളിൽ അമ്പത് ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിയാലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവെന്നും ഡോക്ടർമാർ പറയുന്നു. ജില്ലയിൽ ഓക്സിജൻ ക്ഷാമവും വെല്ലുവിളിയാകുന്നുണ്ട്. 20.39 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരും ദിവസങ്ങളിൽ ഇത് വർധിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.