കേരളം
ചന്ദ്രശേഖരൻ മാറി നിന്നേക്കും; സി.പി.ഐയില്‍ നിന്ന് പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ എത്തും
കഴിഞ്ഞ തവണത്തെ പോലെ സി.പി.ഐയില്‍ നിന്ന് ഇത്തവണയും പുതുമുഖങ്ങള്‍ തന്നെ മന്ത്രിസഭയില്‍ എത്തിയേക്കും. നിലവിലെ മന്ത്രിമാരില്‍ ഇ. ചന്ദ്രശേഖരന്‍ മാത്രമാണ് വീണ്ടും മത്സരിച്ചതും ജയിച്ചതും. ഇത്തവണയും എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്ന അഭിപ്രായത്തിനാണ് മുന്‍ഗണന ലഭിക്കുന്നതെങ്കില്‍ ചന്ദ്രശേഖരന് വീണ്ടും അവസരം ലഭിച്ചേക്കില്ല.
പി. പ്രസാദ്(ചേര്‍ത്തല), ഇ.കെ. വിജയന്‍(നാദാപുരം), ജെ. ചിഞ്ചുറാണി(ചടയമംഗലം), കെ. രാജന്‍(ഒല്ലൂര്‍), ചിറ്റയം ഗോപകുമാര്‍(അടൂര്‍), പി.എസ്. സുപാല്‍(പുനലൂര്‍) എന്നീ പേരുകളാണ് പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. കൊല്ലം ജില്ലയുടെ പ്രതിനിധിയായി ചിഞ്ചുറാണി മന്ത്രിസഭയിലെത്തിയില്ലെങ്കില്‍ സുപാല്‍ മന്ത്രിയാകും.
അതുപോലെ സി.പി.ഐയ്ക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള തൃശൂര്‍ ജില്ലയില്‍നിന്നും ഒരാള്‍ എന്തായാലും മന്ത്രിസഭയില്‍ ഇടംപിടിക്കും. കെ. രാജന്റെ പേരിനാണ് മുന്‍തൂക്കം. അല്ലെങ്കില്‍ കടുത്ത പോരാട്ടത്തില്‍ തൃശൂര്‍ സീറ്റ് നിലനിര്‍ത്തിയ മുതിര്‍ന്ന നേതാവ് പി. ബാലചന്ദ്രനെ പരിഗണിച്ചേക്കാം.
നാല് മന്ത്രിസ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ചീഫ് വിപ്പ് പദവിയുമായിരുന്നു സി.പി.ഐയ്ക്കുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഇത്തവണ അവര്‍ക്ക് നല്‍കാനും സാധ്യതയുണ്ട്.