കേരളം
ലീഗ് പ്രവർത്തകന്റെ കൊലപാതകം; കണ്ണൂരിൽ സമാധാനം നിലനിർത്താൻ ഒരുങ്ങി കലക്ടർ
കണ്ണൂരിലെ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ടി വി സുഭാഷ് ഇന്ന് സമാധാന യോഗം വിളിച്ചു. രാവിലെ പതിനൊന്ന് മണിക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നടക്കും.
ഇന്നലെ രാത്രി മൻസൂറിന്‍റെ വിലാപ യാത്രയ്ക്കിടെ മേഖലയിലെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടന്നു. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവെച്ച് നശിപ്പിച്ചു.
മൻസൂറിന്‍റെ വീട്ടിലേക്ക് പോകും വഴിയുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു. നിരവധി കടകൾക്ക് നേരെയും ആക്രമണം നടന്നു.
മൻസൂറിന്‍റെ മൃതദേഹം രാത്രി 8.45 ഓടെ ഖബറടക്കി. ഇതിന് പിന്നാലെയാണ് സമാധാനം പുനഃസ്ഥാപിക്കാൻ കലക്ടർ തന്നെ യോഗം വിളിച്ചത്. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് യോഗം വിളിച്ചിട്ടുളളത്.