കേരളം
തലസ്ഥാനത്ത് അവസാനവട്ട പ്രചാരണത്തിന് രാഹുൽ എത്തും
പ്രിയങ്ക ഗാന്ധിക്ക് പകരം പ്രചാരണത്തിനായി രാഹുൽ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുൽ തിരുവനന്തപുരത്ത് എത്തുക. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം റദ്ദാക്കിയത്.
ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താൻ നിരീക്ഷണത്തിലായിരിക്കുമെന്ന് ദൃശ്യസന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു.
ഇന്ന് അസമിലും തുടർന്ന് തമിഴ്നാട്ടിലും പ്രചാരണം നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊട്ടിക്കലാശ ദിവസം നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ പ്രചാരണം നടത്താനായിരുന്നു പദ്ധതി.
അതേ സമയം തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. തലസ്ഥാനത്തെ പ്രചാരണരംഗവും അതിനൊപ്പം തിരക്കിലായി. സ്ഥാനാർഥികൾ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. അനുയായികളെ ഉത്സാഹികളാക്കി രംഗത്തിറക്കാനും പാരമ്പര്യകേന്ദ്രങ്ങളിലെ വോട്ടുകളുടെ ചുവടുറപ്പിക്കാനും സ്ഥാനാർഥികൾ മത്സരിക്കുകയാണ്. മൂന്നു മുന്നണികളുടെയും പ്രവർത്തകർ ആവേശത്തിലാണ്. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന വിലയിരുത്തലിൽ പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ.