രാജ്യാന്തരം
സുമിയിൽ സുരക്ഷിത പാത പ്രഖ്യാപിച്ചു; 694 വിദ്യാർത്ഥികൾ പുറത്തേക്ക്
യുക്രെയ്നിൽ വീണ്ടും സുരക്ഷിത പാത പ്രഖ്യാപിച്ചതോടെ ഇന്ത്യ രക്ഷാദൗത്യം പുനരാരംഭിച്ചു. സുമിയിൽ നിന്നും 694 വിദ്യാർത്ഥികളുമായി ബസുകൾ പോൾട്ടോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുമിയിൽ നിന്നും പോൾട്ടോവ എന്ന മറ്റൊരു നഗരത്തിലേക്ക് എത്തിക്കുന്ന വിദ്യാർത്ഥികളെ അവിടെ നിന്നും പിന്നീട് മാറ്റും. ഹംഗറിയിലേക്കോ റൊമാനിയയിലേക്കോ പോളണ്ടിലേക്കോ ഈ വിദ്യാർത്ഥികളെ കൊണ്ടു പോകാനാണ് സാധ്യത. ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷം വിമാനങ്ങളുടെ കാര്യത്തിൽ വ്യക്തത വരും.
ഇന്ന് രാവിലെയാണ് യുക്രെയ്ൻ സുരക്ഷിത പാത പ്രഖ്യാപിച്ചത്. പിന്നാലെ രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യുക്രെയ്നിലെ ഇന്ത്യൻ എംബസിയോ കേന്ദ്രസർക്കാരോ വിവരങ്ങൾ നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഞ്ചാരപാത സംബന്ധിച്ച് വിവരങ്ങൾ നൽകാത്തതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസവും വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സ്റ്റുഡൻ്റ് ഏജൻ്റുമാരുമായി ചേർന്ന് ഇന്ത്യൻ എംബസി നീക്കം നടത്തിയിരുന്നു. രണ്ട് ഹോസ്റ്റലുകളിലായി 690 വിദ്യാർത്ഥികളാണ് സുമിയിൽ ഉണ്ടായിരുന്നത് എന്നാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. ഇന്നലെ മൂന്ന് ബസുകളും മിനിവാനുകളും ഒഴിപ്പിക്കലിനായി അയച്ചെങ്കിലും ഈ വാഹനങ്ങളെ യുക്രെയ്ൻ സൈന്യം തടഞ്ഞു. എന്നാൽ ഇന്നലെ പോൾട്ടോവയിലേക്ക് കൂടുതൽ ബസുകൾ എത്തിയെന്നാണ് വിവരം. ഈ ബസുകളാണ് ഇപ്പോൾ സുമിയിലെത്തി വിദ്യാർത്ഥികളേയും കൊണ്ട് പോൾട്ടോവയിലേക്ക് വരുന്നത്. കുട്ടികളെ പോൾട്ടോവയിലേക്ക് എത്തിക്കാൻ സാധിച്ചാൽ സുമിയിലെ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.
അതേസമയം ഖാർകീവിൽ ഇപ്പോഴും വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ട്. എന്നാൽ അവിടെ നിന്നും നിരവധി വിദ്യാർത്ഥികൾ നടന്നും വാഹനങ്ങളിലുമായി പോളണ്ട് അതിർത്തികളിലും മറ്റും എത്തുന്നുണ്ട്. ഇന്നലെയും 44 വിദ്യാർത്ഥികൾ ഇങ്ങനെ അതിർത്തി കടന്ന് എത്തിയിരുന്നു. ഇന്ന് അഞ്ച് വിദ്യാർത്ഥികളും സമാനമായ രീതിയിൽ പുറത്തേക്ക് എത്തി. ഇന്നലെ സുമിയിലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുക്രെയ്ൻ സൈന്യം എത്തി രക്ഷാപ്രവർത്തനം തടഞ്ഞിരുന്നു. എന്നാൽ ഇന്ന് സുഗമമായി രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം സുമിയിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണെന്ന് യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. നിലവിൽ സമാധാനപരമായി ഒഴിപ്പിക്കൽ തുടരുന്നുവെന്നാണ് വിവരം. ഇന്ത്യക്കാരെ കൂടാതെ മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികളേയും മാറ്റുന്നുണ്ട്. അതേസമയം കീവിൽ സംഘർഷാവസ്ഥ ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. നഗരത്തിൽ കുടുങ്ങിയവരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്ന ബസിന് നേരെ ഷെല്ലാക്രമണം നടന്നതായി സൂചനയുണ്ട്. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റതായാണ് വിവരം. 12 മണിക്കൂർ നേരത്തേക്കാണ് ആളുകൾക്ക് പുറത്ത് കടക്കാനായി യുക്രെയ്നും റഷ്യയും സുരക്ഷിത പാത പ്രഖ്യാപിച്ചത്.