Citizen Special
5 വർഷം 66 സ്ത്രീധനപീഡന മരണങ്ങൾ, സ്ത്രീധനം എന്ന വില്ലൻ കാരണം കേരളം ലജ്ജിക്കണം
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീരാകണത്തിനും മുൻതൂക്കം നൽകുന്ന സംസ്ഥാനം. എന്നിട്ടും കേരളത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ വന്ന വാർത്തകളിൽ ഏറ്റവും അധികം സ്ത്രീധന പീഡനത്തിലും ഗാർഹിക പീഡനത്തിലും പൊലിഞ്ഞ ജീവനുകളെ കുറിച്ചായിരുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിൽ കൊല്ലം സ്വദേശി വിസ്മയ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിഷേധങ്ങളും അനുകമ്പയും രോഷപ്രകടങ്ങളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു.
പിന്നാലെ തുടരെ തുടരെ മരണ വാർത്തകൾ എത്തി. എല്ലായിടത്തും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വില്ലനാകുന്നത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ. ജീവിച്ചിരുന്നപ്പോൾ അവർക്ക് ലഭിക്കാത്ത നീതിക്കായി കരുതലിനായി ഒരുപാട് പേർ ഘോരഘോരം പ്രസംഗിക്കുന്നു.
എന്നാൽ എത്ര ദിവസമായിരിക്കും ഇതിനൊക്കെ ആയുസ്… ഏറിയാൽ രണ്ടോ മൂന്നോ ദിവസം അതുമല്ലെങ്കിൽ മറ്റൊരു വാർത്ത ലഭിക്കും വരെ. പിന്നെയും വിസ്മയയും അർച്ചനയും സുചിത്രയുമൊക്കെ ആവർത്തിക്കപ്പെടും. “മരിച്ച മകളേക്കാൾ ബന്ധം വേർപിരിഞ്ഞ മകളാണ് നല്ലത്” സോഷ്യൽ മീഡിയയിൽ എത്തുന്ന പ്രതിഷേധ വാചകങ്ങളിൽ ഒന്നാണ് ഇത്. ഇനിയെങ്കിലും ഇങ്ങനെ ചിന്തിക്കുമോ പെൺകുട്ടികളുടെ മാതാപിതാക്കൾ…. മാറുമോ നമ്മുടെ സമൂഹം!!! പെണ്ണിന് താലിയെക്കാൾ വലുത് സ്വന്തം കാലിന്റെ ബലമാണ് എന്ന് ഇനിയെങ്കിലും പറഞ്ഞു കൊടുക്കാൻ അങ്ങനെ ചിന്തിക്കാൻ എത്ര മാതാപിതാക്കൾ തയ്യാറാകും. അന്ന് മാത്രമേ ഇതിനൊരു അറുതി ഉണ്ടാകൂ. കയ്യിലും കഴുത്തിലും തിളങ്ങുന്ന പൊന്നിനേക്കാൾ വില അവളുടെ കയ്യിലെ ഡിഗ്രികൾക്ക് സമൂഹം കൽപ്പിക്കുന്ന കാലത്ത് മാത്രമേ ഈ പ്രതിഷേധങ്ങൾക്ക് അർത്ഥമുണ്ടാകൂ.
കഴിഞ്ഞ 5 വർഷത്തിനിടയിൽ നമ്മുടെ നാട്ടിൽ നടന്നത് 66 സ്ത്രീധന പീഡന മരണങ്ങളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ… ഇതിൽ അനാഥമായ ഒരുപാട് ബാല്യങ്ങളുമുണ്ട്. തിരുവനന്തപുരത്തെ അർച്ചന, പ്രിയങ്ക, പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കൊല്ലം അഞ്ചലിലെ ഉത്ര, പട്ടിണിയ്ക്കിട്ട് കൊന്ന കരുനാഗപ്പള്ളിയിലെ തുഷാര, ഇപ്പോൾ വിസ്മയയും അർച്ചനയും സുചിത്രയും..അങ്ങനെ എത്രയെത്ര പേരുകൾ. ഇനിയും ഈ കൂട്ടത്തിലേക്ക് വരാനുള്ളതാണ് എത്ര പേർ…?? ഇവരൊക്കെ മരിച്ചതുകൊണ്ട് മാത്രം അവരുടെ ദുരിത കഥ പുറം ലോകം അറിഞ്ഞു. എത്രയോ പേർ ഇതുപോലെ മരിച്ച് ജീവിക്കുന്നുണ്ടാകാം. അവർക്കൊക്കെ നീതി കിട്ടാനും മരിക്കും വരെ കാത്തിരിക്കണോ….!!!
പോലീസിന്റെ ക്രൈം റെക്കോർഡ് പ്രകാരം കഴിഞ്ഞ 5 വർഷം നടന്നത് 66 സ്ത്രീധന പീഡന മരണങ്ങളാണ്. ഭർത്താവും വീട്ടുകാരും പീഡിപ്പിച്ച 15143 കേസുകളാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാത്രം 1080 കേസുകളാണ് ഉണ്ടായത്. 2020 ൽ 2715 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ക്രൈം റിപ്പോർട്ടിന്റെ കണക്കിൽ പറയുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ കണക്ക്
വര്‍ഷം എണ്ണം
2009 – 21
2010 – 21
2011 – 15
2012 – 32
2013 – 21
2014 -28
2015 – 8
2016 – 25
2017 -12
2018 (അന്തിമമല്ല) 16
2019 (സെപ്തംബര്‍ വരെ) 4
Also read: സ്ത്രീധന പരാതികൾക്ക് ഇനി ‘അപരാജിത’ കൺട്രോൾ റൂം നമ്പർ
വിസ്മയയുടെ മരണത്തോടുകൂടി സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായിരിക്കുകയാണ്. പ്രശ്‌നങ്ങൾ സഹിച്ചും ഭർതൃവീട്ടിൽ തന്നെ സ്ത്രീകൾ ജീവിക്കണമെന്ന ധാരണ മാതാപിതാക്കൾ മാറ്റണമെന്നും പലരും അഭിപ്രായപ്പെട്ടു. 100 പവൻ സ്വർണവും ഒന്നരയേക്കർ ഭൂമിയും കാറും സ്ത്രീധനമായി നൽകിയാണ് വിസ്മയയെ വിവാഹം ചെയ്ത് അയച്ചത്. കെട്ടിച്ചയക്കുന്ന പെണ്ണിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള പ്രൈസ് മണിയായി സ്ത്രീധനം അപ്രഖ്യാപിത ഉടമ്പടിയായി നിര്‍ബാധം തുടരുന്നു. സ്ത്രീധനം നോക്കി പെണ്ണുകെട്ടുക. പെണ്ണാണോ പെണ്ണിന്റെ സ്വത്താണോ സമ്പാദ്യം എന്ന് മനസ്സിലാക്കാന്‍ പഠിക്കാത്ത ദാമ്പത്യം.
വിവാഹം എന്ന സ്ഥാപനത്തെ കുറിച്ച് കാലങ്ങളായി സമൂഹത്തില്‍ നില്‍ക്കുന്ന ചിന്താഗതികളുടെ തുടര്‍ച്ചയാണ് ഇന്നും തുടരുന്ന ഈ ചിന്തകള്‍ക്കടിസ്ഥാനം. ചിലര്‍ തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഇത്ര കൊടുത്തിട്ടുണ്ടെന്ന് ആദ്യമേ അങ്ങു പറയും. ഇതും മറ്റൊരു തന്ത്രമാണ്. പെണ്‍കുട്ടികളുള്ള കുടുംബത്തിന് സാമ്പത്തിക ബാധ്യത എന്നതിനെക്കാളുപരിയായി സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്. വിവാഹത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടു തുടങ്ങിയാല്‍ ആ ബന്ധം ഉപേക്ഷിക്കാനുളള ധൈര്യവും കരുത്തും പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത സ്വന്തം മാതാപിതാക്കള്‍, എല്ലാറ്റിനുപരി ദുരഭിമാനം, നാട്ടുകാരെന്ത് പറയുമെന്ന സാമൂഹിക ഭീതി ഈ പെണ്‍കുട്ടികളുടെ മരണങ്ങള്‍ക്ക് പതിറ്റാണ്ടുകളായി സമൂഹത്തില്‍ ആഴ്ന്നുനില്‍ക്കുന്ന ഈ ചിന്താഗതികള്‍ മാത്രമാണ് കാരണം.
ഈ കണക്കുകൾ കാണുമ്പോഴെങ്കിലും സ്വയം ചിന്തിക്കുക. ഇനിയും ഇതിലെ അക്കങ്ങൾ കൂടണോ എന്ന്. അതിലെ ഒരു അക്കമാകാൻ സ്വന്തം പെൺ മക്കളെ ബലി കൊടുക്കണോ എന്ന്. എന്റെ മകൾ വീട്ടിൽ വന്ന് നിന്നാൽ അവളെ നന്നായി നോക്കാനും സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കും എനിക്ക് കഴിയും എന്ന് മാതാപിതാക്കൾ പറഞ്ഞാൽ അവിടെ തീരും വിമർശിക്കുന്നവരുടെ കുറ്റപ്പെടുത്തൽ. എന്തായാലും ആ തീരുമാനത്തിന് നിങ്ങളുടെ മകളുടെ ജീവന്റെ വിലയുണ്ട് എന്ന് ഇനിയെങ്കിലും ഓർക്കുക.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530