Kerala
കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ്; റവന്യൂ വകുപ്പ് കണ്ടുകെട്ടുന്നത് 125. 83 കോടി രൂപ മാത്രം


കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിൽ 175 കോടി രൂപയ്ക്ക് കണക്കില്ല. റവന്യൂ വകുപ്പ് കണ്ടു കെട്ടുന്നത് 125. 83 കോടി രൂപ മാത്രം. തട്ടിപ്പിന്റെ വ്യാപ്തി കുറച്ച് കാണിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന ആരോപണം ശക്തമാണ്.
സീനിയർ ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ടിൽ ബാങ്കിൽ 300 രൂപയുടെ ക്രമക്കേടു നടന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്കു മേലുള്ള ബാധ്യത 125 കോടി രൂപ മാത്രമായി ചുരുക്കുകയായിരുന്നു. പ്രതികൾ തട്ടിപ്പിലൂടെ 125 കോടി രൂപ സമ്പാദിച്ചതിന് മാത്രമാണ് തെളിവു കണ്ടെത്താനായത് എന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. 2014 മുതൽ കരുവന്നൂരിൽ 2 സിപിഎം ഭരണസമിതികളുടെ നേതൃത്വത്തിൽ വൻതോതിൽ വായ്പാ–നിക്ഷേപ തട്ടിപ്പുകൾ നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാൽ രണ്ടാമത്തെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും മാത്രമേ പ്രതിചേർത്തിട്ടുള്ളൂ. തുടർന്ന് 25 പേരിൽ നിന്നായി 125.83 കോടി രൂപ ഈടാക്കാൻ സഹകരണ ജോയന്റ് രജിസ്റ്റാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. ഇതിൽ പലർക്കുമെതിരെ ചുമത്തിയത് തട്ടിപ്പിന് ആനുപാതികമായ തുകയല്ല. 35.65 കോടിയുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയ കമ്മിഷൻ ഏജന്റ് ബിജോയ് അടയ്ക്കേണ്ടത് 20.72 ലക്ഷം മാത്രമാണ്.
രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് തട്ടിപ്പിന്റെ വ്യാപ്തി കുറയ്ക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. റവന്യു റിക്കവറി വഴി 125 കോടി തിരിച്ചെടുക്കാനായാലും കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ ദുരിതത്തിനു പരിഹാരമാകില്ല. വിവിധ സ്കീമുകൾ വഴിയുള്ള നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചവർക്കു മാത്രം ബാങ്ക് കൊടുക്കാനുള്ളത് ഏകദേശം 141 കോടി രൂപയാണ്. എടുക്കാത്ത വായ്പയുടെ ബാധ്യതയും മറ്റും വേറെ. അതിനിടെ തട്ടിയെടുത്ത 175 കോടിയോളം രൂപയ്ക്കു കണക്കില്ലാത്ത അവസ്ഥയാണിപ്പോൾ. 300 കോടിയുടെ തട്ടിപ്പു ക്രൈം ബ്രാഞ്ച് അന്വേഷിച്ചപ്പോൾ 227 കോടിയായി കുറഞ്ഞതിനു പിന്നാലെയാണു ബാധ്യത 125 കോടി രൂപയായി വീണ്ടും ചുരുങ്ങിയത്.