രാജ്യാന്തരം
2022ലെ ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ വിൽ സ്‍മിത്ത്, നടി ജെസീക്ക
2022ലെ ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. 94-ാമത് ഓസ്കറിൽ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ.
കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്കര്‍ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാർഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്‍സറും നേടി. ബധിര കുടുംബത്തിന്റെ ഹൃദയ സ്പർശിയായ കഥ പറയുന്ന കോഡ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ. മികച്ച സഹനടി അരിയാന ഡബോസ് ആണ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് നടിയെ തേടി പുരസ്കാരം എത്തിയത്. ഓസ്കര്‍ ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍റര്‍ വ്യക്തികൂടിയാണ് അരിയാനോ.
‘എൻകാന്റോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ജാരെഡ് ബുഷും ബൈറോൺ ഹോവാർഡും ചേർന്നാണ് സംവിധാനം. എൻകാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. മികച്ച അനിമേഷൻ ഷോർട് ഫിലിം ആയി ആൽബർട്ടോ മിയേൽഗോ, ലിയോ സാൻഷെ എന്നിവരുടെ ‘ദി വിൻഡ്ഷീൽഡ് വൈപ്പർ’ തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോർട്ടിനുള്ള ഓസ്കർ ബെൻ പ്രൗഡ്ഫൂട്ടിന്റെ ‘ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോളിന്’ ലഭിച്ചു. ഓസ്കർ നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ നിൽക്കുന്ന ചിത്രം നിലവിൽ ആറ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.
മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ ലഭിച്ചത്. വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ‘ ഡ്രൈവ് മൈ കാർ’ ആണ്. അതേസമയം, ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല. സഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. ‘സമ്മര്‍ ഓഫ് സോൾ’ ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ അഹ്മിർ തോംസൺ, ജോസഫ് പട്ടേൽ, റോബർട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനർസ്റ്റീൻ എന്നിവർ അവാർഡ് സ്വീകരിക്കും.
റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും.