കേരളം
പുതുവത്സരാഘോഷം കഴിഞ്ഞ് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ ഷോർട്ട്കട്ട്, 17 കാരന് ദാരുണാന്ത്യം
ട്രാഫിക് ബ്ലോക്കൊഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ സാഹസിക റൈഡ്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരന് ദാരുണാന്ത്യം. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തീവണ്ടി ഇടിച്ച് മരിച്ചത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്.
ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഇരുചക്രവാഹനത്തിൽ തീവണ്ടി ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസുമായാണ് ഇരുചക്രവാഹനം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നാണ് സൂചന.
ജംഷീറാണ് ആദിലിന്റെ പിതാവ്. മെയിൻ റോഡുകളിൽ ബ്ലോക്ക് ആയിരുന്നതിനാൽ അത് ഒഴിവാക്കാനായി സ്കൂട്ടറിൽ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുനതിനിടെയാണ് അപകടമെന്നാണ് വിവരം. രണ്ടു സ്കൂട്ടറുകളിലായിരുന്നു നാലംഗ സംഘം സഞ്ചരിച്ചത്.
സമാനമായ മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. പാച്ചല്ലൂർ സ്വദേശി സെയ്‌ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസിൽ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.