ദേശീയം
10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ച് വനംവകുപ്പ്
നീലഗിരിയിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയാനയെഏതാണ്ട് പത്തു മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറ്റിൽ നിന്നും കുട്ടിയാനയ്‌ക്ക് കയറിവരാൻ കഴിയുന്ന തരത്തിൽ വഴി വെട്ടിയായിരുന്നു രക്ഷപ്രവർത്തനം. ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സഹു രക്ഷാപ്രവർത്തനത്തിന്റെയും കാട്ടാനക്കുട്ടി കാട്ടാനക്കൂട്ടത്തോടൊപ്പം ചേരുന്നതിന്റെയും വിഡിയോ എക്സിലൂടെ പുറത്തുവിട്ടു.
ഹൃദയസ്പർശിയായ ഈ വിഡിയോകളാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. ഇന്നലെ രാത്രിയോടെയാണ് നീലഗിരി കോലപ്പള്ളിയില്‍ ഗൂഡല്ലൂർ വനത്തിനോട് ചേർന്ന് കുട്ടിയാന കിണറ്റിൽ വീണത്. കുട്ടിയാന കിണറ്റില്‍ വീണതിന് പിന്നാലെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുത്തത്.
40 പേരടങ്ങുന്ന ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച രക്ഷപ്രവർത്തനം അവസാനിച്ചത് ഉച്ചയോടെയാണ്. പുറത്തെത്തിയതിന് പിന്നാലെ അക്ഷമരായി നിന്ന കാട്ടാനക്കൂട്ടത്തിനൊപ്പം കുട്ടിയാന കാടുകയറുകയും ചെയ്തു. കാട്ടാനക്കൂട്ടം കാടു കയറുന്നതിന്‍റെ ഡ്രോണ്‍ വിഷ്വലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.