ദേശീയം
രാജ്യത്ത് സൈകോവ് ഡി വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു
രാജ്യത്ത് ഒരു കൊവിഡ് വാക്സീന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ നീഡിൽ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്.
മറ്റ് വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി ഈ വാക്സീൻ മൂന്ന് ഡോസ് എടുക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു.
പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നൽകിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സീന്റെ പ്രത്യേകത.
രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാണ് സൈക്കോവ് -ഡി. നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.