കേരളം
വ്യാജരേഖ സമര്‍പ്പിച്ച് 70 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കെഎസ്എഫ്ഇയില്‍ വ്യാജ ആധാരങ്ങള്‍ സമര്‍പ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചിട്ടി വായ്പയിലൂടെ എട്ട് പേരുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരിയെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്എഫ്ഇയുടെ കാസര്‍കോട് മാലക്കല്‍ ശാഖയില്‍ നിന്നും 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 2019 ജനുവരി 30ന് ഇസ്മയിലുള്‍പ്പെടെ എട്ട് പേരുടെ പേരിലാണ് വ്യാജരേഖ നല്‍കി തട്ടിപ്പ് നടത്തിയത്. മറ്റുള്ളവര്‍ ഇസ്മയിലിന്റെ ബന്ധുക്കള്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.
ഈടായി ഇസ്മയിലിന്റെ പേരിലുള്ള ഉപ്പള വില്ലേജിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കിയിരുന്നു. എന്നാല്‍, കുടിശ്ശിക അടക്കാതെ വന്നതോടെ, ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമിയുടെ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ശാഖ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.