കേരളം
കാറില്‍ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിയ യുവാവിനെതിരെ വധശ്രമത്തിന് കേസ്
കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. തലശ്ശേരി പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.
വധശ്രമത്തിനാണ് ശിഹ്ഷാദിന് എതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ശിഹ്ഷാദിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചിരുന്നു.
കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു.
ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.