കേരളം
നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്
പ്രതിപക്ഷ നേതാവിനെയും കെ പി സി സി പ്രസിഡണ്ടിനേയും മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പ്രതികരിച്ചു.
നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികൾ കോൺഗ്രസ് ഇടക്കാല അധ്യക്, സോണിയാ ഗാന്ധിക്ക് കത്ത് നൽകിയെന്നായിരുന്നു രാവിലെ വാർത്ത പുറത്തുവന്നത്. യുഡിഎഫ് കൺവീനറെ മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു.
എന്നാൽ, നേതൃത്വം മോശമാണെന്ന അഭിപ്രായം യൂത്ത് കോൺഗ്രസിന് ഇല്ലെന്നാണ് ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പറയുന്നത്.
പ്രതിപക്ഷ നേതാവ് മികച്ച പ്രവർത്തനം നടത്തിയെന്നാണ് വിലയിരുത്തൽ. എഐസിസി നിരീക്ഷകൻ കേരളത്തിൽ എത്തുമ്പോൾ അഭിപ്രായം അറിയിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ധനീഷ് ലാൽ പറഞ്ഞു. ജംബോ കെപിസിസിയും ഡിസിസികളും പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചുവിടണം തുടങ്ങിയവയാണ് സോണിയാ ഗാന്ധിക്ക് അയച്ച കത്തിലെ മറ്റ് ആവശ്യങ്ങൾ എന്നാണ് പുറത്തുവന്ന വിവരം.
നേതൃമാറ്റം എന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും തീരുമാനിച്ചത് നേതൃമാറ്റം പോലെയുള്ള കാര്യങ്ങൾ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു.