കേരളം
‘നിങ്ങളുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനെടുക്കും’; മുന്നറിയിപ്പുമായി കേരള പൊലീസ്
കാർ യാത്രികർ അശ്രദ്ധമായി വാഹനം റോഡരികിൽ നിർത്തി ഡോർ തുറക്കുമ്പോൾ, പുറകിൽ വരുന്ന വാഹനങ്ങൾ ഡോറിൽ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലായും ഇത്തരം അപകടങ്ങളിൽ പെടുന്നത്. ഇത്തരം അപകടങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അശ്രദ്ധമായി വാഹനം നിർത്തി ഡോർ തുറക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.
കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
നിങ്ങളുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനെടുക്കും… വാഹനം നിർത്തി ഡോര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും പലരും അത് മറന്നു പോകുകയാണ് പതിവ്. ഇത്തരം അശ്രദ്ധ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതാണ്. അതിനാല്‍ വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് ഒരു ജീവനാകും.