Citizen Special
തെരുവ് നായ്ക്കള്‍ക്കും പറവകള്‍ക്കും ഭക്ഷണം വിളമ്പി വെത്യസ്തനാമൊരു യുവാവ്
ലോക്ഡൗണ്‍ കാലത്ത് നാൽക്കാലികൾക്കും പറവകള്‍ക്കും ഭക്ഷണം വിളമ്പി തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയായ യുവാവ്. ലോക്ഡൗണ്‍ തുടങ്ങിയതോടെ തെരുവ് നായ്ക്കള്‍ക്കും പറവകളും ഭക്ഷണമില്ലാതെ വലയുമ്പോഴാണ് ബാലരാമപുരം സ്വദേശിയായ ഷാജി ഭക്ഷണവുമായെത്തുന്നത്. തന്റെ വരുമാനത്തിന്റെ നല്ല ഒരു വിഹിതം മാറ്റിവെച്ചാണ് ഷാജി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നല്‍കുന്നത്.
പ്രഹസനമില്ലാത്ത പ്രവര്‍ത്തനത്തിലൂടെയാണ് ജീവജാലങ്ങൾക്കായുള്ള ഈ കാരുണ്യ പ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ തുടങ്ങിയ ഷാജിയുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഇന്നും തുടരുന്നു. ഭക്ഷണമൊരുക്കി തന്റെ കാറിൽ തന്നെയാണ് ദിവസവും 200ലേറെ തെരുവ് നായ്ക്കൾക്കും പറവകൾക്കും ഷാജി ഭക്ഷണം നല്‍കുന്നത്. എന്ത് തിരക്കുണ്ടെങ്കിലും കൃത്യ സമയത്ത് ബാലരാമപുരത്തിന്റെ പതിനഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ ഭക്ഷണമെത്തിക്കുന്നതില്‍ ഷാജിക്ക് ഇതേവരെ വീഴ്ച പറ്റിയിട്ടില്ല.
ലോക്ഡൗണ്‍ കാരണം നിരവധി ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളുമടച്ചതോടെയാണ് തെരുവ് ജീവികൾ പട്ടിണിയിലായത്. പല പ്രദേശങ്ങളിലും ഷാജിയുടെ വരവും കാത്ത് നായ്ക്കള്‍, പൂച്ചകള്‍, കാക്കകൾ ഉള്‍പ്പെടെ റോഡരികിലുണ്ടാകും. ഷാജിയുടെ വാഹനമെത്തുന്നതോതെ വാഹനത്തിന് പിന്നാലെ ഓടി ഷാജിയുടെ അരികിലെത്തി സ്‌നേഹ പ്രകടനം നടത്തിയ ശേഷമാണ് വാഴയിലയില്‍ ഷാജി നല്‍കുന്ന ഭക്ഷണം കഴിക്കുന്നത്. തെരുവ് നായ്ക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് പോലും ഷാജിക്ക് ക്രമീകരണവും നിഷ്ടയുമുണ്ട്. ഒരിലയില്‍ ഒരു നായ്ക്ക് എന്ന തരത്തിലാണ് ഭക്ഷണം ക്രമികരിച്ച് നല്‍കുന്നത്. നായ ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞു എന്ന് ഉറപ്പായ ശേഷമാണ് വാഹനവുമായി അടുത്ത സ്ഥലത്തേക്ക് പോകുന്നത്.
കഴിവതും മംസങ്ങളുടെ വേസ്റ്റ് ഒഴിവാക്കിയാണ് തെരുവ് നായ്ക്കള്‍ക്കുള്ള ഭക്ഷണവുമൊരുക്കുന്നത്. ചിക്കന്‍ ബിരിയാണി മുതല്‍ വിവിധയിനം ഭക്ഷണമാണ് ഷാജിയുടെ മെനുവിലുള്ളത്. തെരുവ് നായ്ക്കള്‍ക്കും പറവകള്‍ക്കും എന്തെങ്കിലും പരിക്ക് പറ്റുകയോടെ അസുഖം ബാധിക്കുകയോ ചെയ്താലും ഷാജി എത്തി മരുന്നുകളും മറ്റും നല്‍കി ചികിത്സിക്കും.
ചില മനുഷ്യർ സഹജീവികളെ പോലും തിരിഞ്ഞുനോക്കാത്ത ഈ കാലത്ത് നന്മ നിറഞ്ഞ പ്രവർത്തിയിലൂടെ നിരവധി ജീവജാലങ്ങളുടെ ഹൃദയത്തിൽ ഇടം തേടുകയാണ് ഈ യുവാവ്.