കേരളം
വിജയ യാത്ര; യോഗിയ്ക്ക് ആവേശോജ്വല സ്വീകരണം
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണം. പാർട്ടിയുടെ ജില്ലാ കമ്മിറ്റി പുഷ്പഹാരം അണിയിച്ചുകൊണ്ടാണ് യോഗിയ്ക്ക് സ്വീകരണം ഒരുക്കിയത്. പുതിയ കേരളത്തിനായി, അഴിമതി വിമുക്തം… പ്രീണന വിരുദ്ധം… സമഗ്ര വികസനം… എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബിജെപി വിജയ യാത്ര സംഘടിപ്പിക്കുന്നത്.
വേദിയിലേക്കെത്തിയ യോഗിയെ പാർട്ടി നേതാക്കളും ഘടകക്ഷി നേതാക്കളും ചേർന്ന് സ്വീകരിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, സികെ പത്മനാഭൻ, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, പി സുധീർ, സി കൃഷ്ണകുമാർ, കേന്ദ്രമന്ത്രി വി മുരളീധരൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് നേതാവ് പിസി തോമസ്, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ വേദിയിലേക്ക് യോഗിയെ സ്വീകരിക്കാനുണ്ടായിരുന്നു.
സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ യോഗി ആദിത്യനാഥിന് ആറന്മുള കണ്ണാടി നൽകി. ചടങ്ങിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ സന്ദീപ് വാചസ്പതി രചിച്ച കമ്യൂണിസ്റ്റ് വഞ്ചനയുടെ നൂറ് വർഷങ്ങൾ എന്ന പുസ്തകം യോഗി ആദിത്യനാഥ് പ്രകാശനം നിർമ്മിക്കുകയും ചെയ്തു.