കേരളം
ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. സംസ്കാരം ഇന്ന് മണിപ്പാലിൽ നടക്കും.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്.
ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ. വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായഭിന്നതകൾ ഉണ്ടാകാറുള്ളപ്പോൾ രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ പരിശ്രമിച്ചു.
ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും മുന്നോട്ടുവച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അർഹനായി.